Skip to main content

മാരായമുട്ടം ഗവര്‍ണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക്

മാരായമുട്ടം ഗവര്‍ണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് - ഔദ്യോഗിക പ്രഖ്യാപനം ബഹു; കേരളാ വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിര്‍വഹിച്ചു .
*****************************************************************************














നെല്‍സണ്‍ മണ്ടേലയുടെ വാക്കുകള്‍ കടംകൊണ്ടുകൊണ്ട് തന്നെ ഞാന്‍ തുടങ്ങട്ടെ "Education is the most powerful weapon which you can use to change the world'.
വിദ്യാഭ്യാസനയമാണ് ഒരു ജനതയുടെ പുരോഗതിക്കുള്ള പ്രധാന മാര്‍ഗം. കേരളത്തെ പിറകോട്ടടിപ്പിച്ചതും മുന്നോട്ട് കൊണ്ടുപോയതും വിദ്യാഭ്യാസനയമാണ്. നൂറ്റാണ്ടുകള്‍ക്കുമുമ്പുള്ള വിദ്യാഭ്യാസനയം വളരെ വികലമായിരുന്നു. ഒരു ജനതയുടെ ചെറിയ ഒരു ശതമാനംപേര്‍ക്കു മാത്രമേ വിദ്യ അഭ്യസിക്കുവാന്‍ കഴിഞ്ഞിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ആ നയ വൈകല്യത്തിന്റെ ഫലമായി പിന്നോക്കാവസ്ഥ സൃഷ്ടിക്കപ്പെട്ടു, സമൂഹം രണ്ടായി വിഭജിക്കപ്പെട്ടു. ഇതിന്റെ ഫലമായിട്ടാണ് കേരളം ഭ്രാന്താലയം എന്നുപോലും അറിയപ്പെട്ടത്. പ്രകൃതിയുടെ അറിവുകള്‍ ചിലര്‍ക്കുമാത്രം ലഭ്യമാക്കുക എന്നത് അശാസ്ത്രീയമാണ്. വിദ്യ നിഷേധിച്ചുകൊണ്ട് ബഹുഭൂരിപക്ഷത്തിനെ പാര്‍ശ്വവല്‍ക്കരിച്ചതിന്റെ ഉദാഹരണമായി പണ്ട് കേരളം നിന്നിരുന്നു, ഇന്നും അത് ചരിത്രമായി നിലനില്‍ക്കുന്നു.

ഈ നയം തെറ്റാണെന്ന് കേരളത്തോടു പറഞ്ഞത് നവോത്ഥാന പ്രസ്ഥാനമാണ്.
ഈ ആശയപശ്ചാത്തലത്തിലാണ് 1957ലെ ഇ എം എസ് മന്ത്രിസഭ രണ്ട് പ്രധാന ആശയങ്ങള്‍ കേരള സമൂഹത്തിന് മുന്നില്‍വച്ചത്. 1. ഭൂപരിഷ്‌കരണം. 2. പൊതുവിദ്യാഭ്യാസം. ഈ രണ്ട് ആശയങ്ങളാണ് കേരള വിദ്യാഭ്യാസത്തിന്റെ ഗതി മാറ്റിയത്. ഭൂപരിഷ്‌കരണത്തിലൂടെ ഫ്യൂഡല്‍ ആശയങ്ങളെ കുറെയൊക്കെ ഇല്ലാതാക്കുവാന്‍ സാധിച്ചപ്പോള്‍ പൊതു വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള ഭൗതിക പശ്ചാത്തലങ്ങള്‍ ഒരുങ്ങി. തല്‍ഫലമായി പൊതു വിദ്യാഭ്യാസ സങ്കല്‍പങ്ങള്‍ വികസിച്ചു എന്നു മാത്രമല്ല മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസം വളര്‍ന്നു വരികയുമുണ്ടായി. ആധുനിക കേരളത്തിന്റെ ഭൂമിക മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസമാണ്. തുടര്‍ന്ന് സമ്പൂര്‍ണ സാക്ഷരതായജ്ഞം ആരംഭിക്കുകയും ചരിത്രനേട്ടമായി സമ്പൂര്‍ണ സാക്ഷരത നേടുകയും ചെയ്തു. ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ ശിശുജനന മരണനിരക്കുകള്‍, സ്ത്രീ സാക്ഷരത തുടങ്ങിയ മേഖലകളിലും നാം ലോക ശ്രദ്ധ നേടി. അനന്യമായ കേരള വികസന മാതൃക ഉയര്‍ന്നുവന്നതിന്റെ ലഘു ചരിത്രം ഇതാണ്.
1991ല്‍ നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കിയതിനെ തുടര്‍ന്ന് മറ്റു മേഖലകളിലെന്നപോലെ വിദ്യാഭ്യാസത്തിലും കച്ചവടവല്‍ക്കരണത്തിന്റെ ലക്ഷണങ്ങള്‍ വന്നു. അത് വര്‍ധിച്ച് വര്‍ധിച്ച് വിദ്യാഭ്യാസ കച്ചവടംതന്നെ യാഥാര്‍ഥ്യമായി. വര്‍ഗീയതയുടെ വളര്‍ച്ച ഈ പ്രതിഭാസത്തിന്റെ ഫലമായി ഉല്‍പാദിപ്പിക്കപ്പെട്ടതാണ്. ഇതോടെ മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസത്തിന് വ്യതിയാനങ്ങളുണ്ടായി. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനാകര്‍ഷകമായി, സ്വകാര്യ സ്ഥാപനങ്ങള്‍ വല്ലാതെ വളര്‍ന്നു. ഇതോടെ മതനിരപേക്ഷ ചിന്തകള്‍ക്ക് മങ്ങലേറ്റു. കേരളം പിറകോട്ടു പോകുകയാണോ എന്ന സംശയംപോലും പൊതുവില്‍ ഉയര്‍ന്നുവന്നു.
ഗൗരവമായ ഈ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസത്തെ സംരക്ഷിക്കുവാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. നവംബര്‍ മധ്യത്തില്‍തന്നെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിക്കുന്നതാണ്. വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവല്‍ക്കരണവും ജനകീയവല്‍ക്കരണവുമാണ് പ്രധാന ലക്ഷ്യം. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളെ ജനകീയമായി വികസിപ്പിച്ച് ഏറ്റവും ആകര്‍ഷണീയമാക്കുന്നതിനും അക്കാദമിക് മികവും അക്കാദമിക് ഇതര മികവും പരമാവധി കൈവരുത്തുക എന്നതുമാണ് പ്രധാന ലക്ഷ്യം. ഇതിലൂടെ മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസ മൂല്യങ്ങളെ തിരിച്ചുപിടിക്കാമെന്ന് സര്‍ക്കാര്‍ കരുതുന്നു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തില്‍ 14 സ്കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയരുകയാണ്.
പാറശ്ശാല മണ്ഡലത്തില്‍ ആയതിലെയ്ക്കായി നിര്‍ദ്ദേശിച്ചത് മാരായമുട്ടം ഗവ; ഹയര്‍സെക്കണ്ടറി സ്കൂളിനെയാണ്.
നെയ്യാറ്റിന്‍കര താലൂക്കിലെ പെരുങ്കടവിള പഞ്ചായത്തിലാണ് മാരായമുട്ടം ഗവ ഹയര്‍സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നത് . 150 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മല്ലന്‍ കുമാരന്‍ എന്നയാളിന്റെ വസ്തുവില്‍ അദ്ദേഹത്തിന്റെ ശേഷകാരന്‍മാര്‍ നിത്യവൃത്തിക്കു വേണ്ടി 1 മുതല്‍ 4വരെയുള്ള ക്ളാസ്സുകള്‍ നടത്തിയിരുന്നു. തുടര്‍ന്ന് ഈ കുടിപ്പള്ളിക്കൂടത്തെ അപ്ഗ്രേഡ് ചെയ്ത് മിഡില്‍ സ്കൂളാക്കി .അങ്ങനെ 7-ാം ക്ളാസ്സ് വരെയുളള അധ്യയനം തുടങ്ങി . ആ സമയത്ത് ഈ സ്കൂള്‍ 'വടക്കേയമ്പലം ' എന്നാണ് അറിയപ്പെട്ടിരുന്നത് .
1957 നു മുന്‍പ് പുല്ലയില്‍ ശ്രീ മാധവന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഒരു പ്രൈമറി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ച ഈ സ്കൂള്‍ പിന്നീട് ഒരു മിഡില്‍ സ്കൂളായി പ്രവര്‍ത്തനം തുടര്‍ന്നു .തുടര്‍ന്ന് സാമൂഹ്യപ്രവര്‍ത്തകരും പൗര പ്രമുഖരുമായ ആങ്കോട് വീട്ടില്‍ ശ്രീ പി കെ കുമാരന്‍ നായര്‍ , വലിയവീട്ടില്‍ ശ്രീ വാസുദേവന്‍ നായര്‍ , വടകര ശ്രീ കുഞ്ഞന്‍ പണിക്കര്‍ , വമ്പറച്ചുതല ശ്രീ അയ്യപ്പന്‍ തമ്പി എന്നിവരുടെ നേതൃത്വത്തില്‍ ഹൈസ്കൂളിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചു . 1957- ഈ എം എസ് മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന പട്ടം താണുപിള്ളയുടെ ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഹൈസ്കൂള്‍ അനുവദിച്ചു .
ശ്രീ വീരമണി അയ്യരായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകന്‍ . ഹൈസ്കൂളിനു വേണ്ടി പുതിയ കെട്ടിടങ്ങള്‍ അനുവദിച്ചപ്പോള്‍ പ്രൈമറി വിഭാഗം മാറ്റി ഗവ ലോവര്‍ പ്രൈമറി സ്കൂളാക്കി ഉയര്‍ത്തി . 2001-ല്‍ ഈ സ്കൂള്‍ ഹയര്‍സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു . 2004-05 അധ്യയന വര്‍ഷത്തില്‍ 5-ാം സ്റ്റാന്റേര്‍ഡില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ ആരംഭിച്ചു . നിലവില്‍ ഈ സ്കൂളില്‍ യുപി ,എച്ച്എസ്സ് വിഭാഗങ്ങളിലായി 1404 കുട്ടികള്‍ പഠിക്കുന്നു . ഇപ്പോ‍ഴത്തെ പ്രഥമാധ്യാപിക ശ്രീമതി അംബികാമേബല്‍ ഉള്‍പ്പെടെ 50അധ്യാപകരും , 5അനധ്യാപകരും ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു .
സാമൂഹികമായും , സാമ്പത്തികമായുംപിന്നോക്കം നില്‍ക്കുന്ന ഗ്രാമീണ മേഖലയിലെ സ്കൂളാണ് മാരായമുട്ടം ഗവ ഹയര്‍സെക്കന്ററി സ്കൂള്‍ . അതിനാല്‍ സാമൂഹികമായും , സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവരാണ് 80% കുട്ടികളും . അവര്‍ക്ക് ഗ്ണമേന്മയുള്ള വിദ്യാഭ്യാസം നല്കാന്‍ മാരായമുട്ടം ഗവ ഹയര്‍സെക്കന്ററി സ്കൂള്‍ അതീവശ്രദ്ധ പുലര്‍ത്തിവരുന്നു . പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പരിഗണന നല്കിക്കൊണ്ടുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ സ്കൂളില്‍ നടന്നുവരുന്നു .
രണ്ട് മൂന്നു വര്‍ഷങ്ങളായി വിദ്യാലയം നിരവധി നേട്ടങ്ങള്‍ കൈവരിച്ചുവരുന്നു . സംസ്ഥാന ഗണിതശാസ്ത്രമേളയില്‍ രണ്ട് കുട്ടികളും പ്രവര്‍ത്തിപരിചയ മേളയില്‍ 5 കുട്ടികളും പങ്കെടുത്ത് A ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു . വര്‍ഷങ്ങളായി കുട്ടികള്‍ കായികമേളയിലും മികവ് പുലര്‍ത്തി വരുന്നു .2016-17 അധ്യയന വര്‍ഷത്തില്‍ രണ്ട് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സംസ്ഥാനതല ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുത്ത് രണ്ടാം സ്ഥാനം നേടുകയുണ്ടായി .
കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷങ്ങളിലായി സ്കൂള്‍ 100% വിജയം കൈവരിച്ചുവരുന്നു . തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തി 100% വിജയം കൈവരിച്ച ഗവ സ്കൂളുകളില്‍ ഒന്നാം സ്ഥാനത്താണ് മാരായമുട്ടം ഗവ ഹയര്‍സെക്കന്ററി സ്കൂള്‍ . ഇക്കൊല്ലം +2 പരീക്ഷയില്‍ ഈ സ്കൂളിലെ വിദ്യാര്‍ഥി 1200 നു 1200 മാര്‍ക്കും വാങ്ങി ചരിത്രം കുറിക്കുകയുണ്ടായി ..
നമുക്ക് കൈകോര്‍ക്കാം ഈ സരസ്വതി ക്ഷേത്രത്തിന്റെ ഉയര്‍ച്ചയ്ക്കായി ......

Comments

Popular posts from this blog

മികവിന്റെ ചിറകിലേറി പാറശാല നിയോജകമണ്ഡലത്തിലെ പൊതുവിദ്യാഭ്യാസരംഗം.

കീഴാറൂർ ഗവ:ഹയർ സെക്കന്ററി സ്കൂളിന്  അടിസ്ഥാന സൗകര്യ വികസനത്തിന് 1 കോടി രൂപ അനുവദിച്ചു.  #വിദ്യാലയ_മുത്തശ്ശിക്ക്_പിണറായി #സർക്കാരിന്റെ_ആദരം

പാറശാലയ്ക്ക് ഇത് അഭിമാന നിമിഷം......... ലോകശ്രദ്ധ നേടി പാറശ്ശാല ഗവ.താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി..

മികച്ച നിലവാരം പുലർത്തുന്ന ആശുപത്രികൾക്കുള്ള കേന്ദ്ര സർക്കാരിന്റെ കായകല്പ അവാർഡടക്കം മികവിനുള്ള നിരവധി പുരസ്കാരങ്ങൾ വാങ്ങിയ പാറശ്ശാല താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. നോമഫ്രങ്ക് മോംബോ. ഞാനും ആശുപത്രി സൂപ്രണ്ട് ഡോ.ഉണ്ണികൃഷ്ണനും ചേർന്ന് ആശുപത്രിയുടെ പ്രവർത്തനങ്ങൾ ദക്ഷിണാഫ്രിക്കൻ സംഘത്തിന് വിശദീകരിച്ചു നൽകി  പാറശ്ശാല ഗവ.താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ പ്രവർത്തനങ്ങൾ ദക്ഷിണാഫ്രിക്കൻ സംഘം നേരിട്ട് വിലയിരുത്തി ആശുപത്രിയിലെ ഡയാലിസിസ് യൂണീറ്റ്, വാർഡുകൾ , ജൈവ പാർക്ക്,കുട്ടികളുടെ പാർക്ക്, ലാബുകൾ , ഓ.പി വിഭാഗം , ഓപ്പറേഷൻ തീയേറ്ററുകൾ , ശിശു സൗഹൃദ,സ്ത്രീ സൗഹൃദ വാർഡുകൾ എന്നിവ മികച്ച നിലവാരം പുലർത്തുന്നുവെന്നും ഈ മാതൃക അനുകരണീയമാണെന്നും മന്ത്രി കുറിച്ചു. അന്തര്‍ദേശീയ തലത്തില്‍ താഴ്ന്നതും ഇടത്തരവുമായ വരുമാനമുള്ള വിഭാഗത്തിലാണ് കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇന്ത്യയേക്കാള്‍ ഉയര്‍ന്ന വരുമാനമുള്ള വിഭാഗത്തിലാണ് ദക്ഷിണാഫ്രിക്കയുള്ളത്. എങ്കിലും ദക്ഷിണാഫ്രിക്കയുടെ ആ...